മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍ വിളക്കുംകാല്‍ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുക്കുപണ്ടം പണയംവച്ച കേസിലെ മുഖ്യസൂത്രധാരനെ മാള പോലിസ് അറസ്റ്റ് ചെയ്തു. എരവത്തൂര്‍ സ്വദേശിയായ വെട്ടിയാടന്‍ ലിന്റോ തോമസ് ആണ് പോലിസ് പിടിയിലായത്. കൃത്യം നടത്തിയതിനുശേഷം പോലിസ് പിടിക്കാതിരിക്കാന്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ നിരന്തരം യാത്ര ചെയ്തിരുന്ന ലിന്റോ തോമസിനെ തന്ത്രപരമായാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ചെമ്പൂക്കടവ് സ്വദേശിയായ കൊക്കാണ്ടത്തില്‍ അലന്‍ ജോണിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
സിഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ എസ് ഐ രമ്യ കാര്‍ത്തികേയന്‍, എസ്‌ഐ നീല്‍ ഹെക്ടര്‍, എഎസ്‌ഐ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ മുരുകേശ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.