തൃശൂര്‍: മലയോര മേഖലയിലെ കര്‍ഷകരുടെ യാത്ര ഇനി സുഗമമാകും. പീച്ചി പട്ടിലുംകുഴി മൈലാട്ടുംപാറ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ 25 വര്‍ഷത്തെ ജനങ്ങളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിലൂടെ ചരക്കുകളുമായി ഇനി പ്രധാന റോഡുകളിലെത്താനാകും. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലുംകുഴി മൈലാട്ടുംപാറ റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് നിര്‍വഹിക്കും.
2016-2017 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 840 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 715 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപകല്പന പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ആയാണ് പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റര്‍ നീളവും ഒരു വശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉള്‍പ്പെടെ ആകെ 9.50 മീറ്റര്‍ വീതിയുണ്ട്. പട്ടിലുംകുഴി ഭാഗത്ത് 12 മീറ്റര്‍ വീതിയും 7.50 മീറ്റര്‍ നീളവുമുള്ള ഒരു ബോക്സ് കള്‍വെര്‍ട്ടും ഉണ്ട്.
ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണല്‍ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതല്‍ കട്ടച്ചിറക്കുന്ന പൈപ്പ് ലൈന്‍ വരെയുള്ള 866 മീറ്റര്‍ റോഡും പട്ടിലാംകുഴി മുതല്‍ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റര്‍ റോഡും പിഡബ്ല്യൂഡി പ്രവര്‍ത്തിക്കായി ഉപയോഗിക്കും. ചടങ്ങില്‍ റവന്യൂമന്ത്രി കെ രാജന്, ഒല്ലക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര് രവി,
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.