മാള: വെളളമിറങ്ങിയതിനെത്തുടര്‍ന്ന് ക്യാമ്പില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയതിനുപിന്നാലെ ഡാമുകള്‍ തുറന്നതോടെ ജനം പ്രളയഭീതിയില്‍. ഇടുക്കി ഡാമും പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നതോടെയാണ് പെരിയാറില്‍ വീണ്ടും വെളളം പൊങ്ങിയത്. ഇടുക്കി ഡാമില്‍ നിന്നും വിട്ട വെള്ളം പെരിയാറിലൂടെയും പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും പുറത്തുവിട്ട വെള്ളം ചാലക്കുടി പുഴയിലൂടെയും കണക്കന്‍കടവിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിനപ്പുറത്തുവച്ച് സംഗമിക്കും. ഇതാണ് തിങ്കളാഴ്ചത്തേക്കാള്‍ മൂന്നടി വെള്ളം ചാലക്കുടിപ്പുഴയില്‍ കൂടാനിടയാക്കിയത്.
തിങ്കളാഴ്ച വൈകീട്ട് പടിഞ്ഞാറോട്ട് ശക്തമായ ഒഴുക്കായിരുന്നു. വെള്ളം വീണ്ടും എത്തിയതോടെ ചൊവ്വാഴ്ച ഒഴുക്ക് നിലച്ച് സ്തംഭനാവസ്ഥയിലായി.
കൂടാതെ ചൊവ്വാഴ്ച വൈകീട്ട് ശക്തമായി മഴ പെയ്തു. ഇത് കുഴൂര്‍, അന്നമനട, പൊയ്യ, മാള, പുത്തന്‍ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെ വീണ്ടും വെളളക്കെട്ടിലാക്കുമെന്ന ഭീതി നാട്ടുകാര്‍ക്കിടയിലുണ്ട്.
ദിവസങ്ങളായി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും സ്ലൂയിസുകള്‍ തുറന്ന് വെള്ളം വിടുന്നുണ്ട്. കൂടാതെ ആതിരപ്പിള്ളിയിലും മറ്റും കനത്ത തോതില്‍ മഴയും പെയ്യുന്നുണ്ട്. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവ്, കുണ്ടൂര്‍, ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, കൊച്ചുകടവ്, പള്ളിബസാര്‍, മേലാംതുരുത്ത്, പുലയന്‍തുരുത്ത് എന്നിവിടങ്ങളിലാണ് വെളളക്കെട്ട് ഭീഷണി വീണ്ടുമുണ്ടായത്.
വാഴ, മരച്ചീനി, ജാതി, പച്ചക്കറി മുതലായവ ഉള്ള കൃഷിയിടങ്ങളില്‍ ഇനിയും വെള്ളുമുയര്‍ന്നാല്‍ അവശേഷിക്കുന്നവയും നശിക്കാനിടയാകും.
വെള്ളക്കെട്ട് മൂലം കോടികളുടെ നഷ്ടം ഉണ്ടായതിന് പിന്നാലെയാണിപ്പോഴത്തെ പുതിയ പ്രശ്‌നം. മഴ തുടരുന്നതോടെ വിവിധ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ താഴ്ന്ന സ്ഥലങ്ങളിലും നൂറുകണക്കിന് കുടുംബങ്ങള്‍ വെള്ളക്കെട്ടിലാകാനുള്ള സാദ്ധ്യതയുണ്ട്. കൊച്ചുകടവ് ഇരുമ്പുങ്ങല്‍ത്തറ പട്ടികജാതി കോളനി, വട്ടത്തിരുത്തി, ചേലക്കത്തറ, തോപ്പുതറ തുടങ്ങി നിരവധിയിടങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.
വെള്ളം നന്നായി ഇറങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ക്യാമ്പുകള്‍ അവസാനിച്ചതോടെ ഇവരില്‍ പലരും ബുദ്ധിമുട്ടിലാണ്.