കടല്‍ക്ഷോഭം: ജനപ്രതിനിധികള്‍ കടലാക്രമണം നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Update: 2020-06-20 14:35 GMT

തൃശൂര്‍: കയ്പമംഗലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കടലാക്രമണ പ്രദേശങ്ങള്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അടങ്ങുന്ന ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു. ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം കൊവിഡ് പശ്ചാത്തലത്തില്‍ വേഗത കുറഞ്ഞുവെങ്കിലും അടിയന്തരമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. വേലിയേറ്റ സമയത്ത് കരയിലേക്ക് വെള്ളം കയറുന്ന സ്ഥിതി തടയാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തീരദേശ റോഡ് ഒലിച്ചു പോയി. എറിയാട്, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് പഞ്ചായത്തുകളിലായി നിരവധി വീടുകളില്‍ വെള്ളം കയറി. എറിയാട് പഞ്ചായത്തില്‍ ചന്ത, ആറാട്ടുവഴി, പേബസാര്‍, മണപ്പാട്ടുച്ചാല്‍, അറപ്പ, ചേരമാന്‍ എടവിലങ്ങ് പഞ്ചായത്തില്‍ കാര വാക്കടപ്പുറം, പുതിയ റോഡ് ബീച്ച്, എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ക്ഷോഭം രൂക്ഷമാണ്. മതിലകം ഗവ എമ്മാട് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു. രണ്ട് കുടുംബങ്ങളിലായി ആറ് പേരാണ് ക്യാമ്പിലുള്ളത്.

എം എല്‍ എയോടൊപ്പം മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രന്‍, ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസര്‍, എറിയാട് പഞ്ചായത്ത്പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്‍ുമാരായ സുവര്‍ണ ജയശങ്കര്‍, സിദ്ധീഖ്, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. 

Similar News