ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങ്: കലാബുര്‍ഗിയില്‍ നൂറോളം പേര്‍ക്കെതിരേ കേസ്
കലാബുര്‍ഗി: കര്‍ണാടകയിലെ കലാബുര്‍ഗിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തു. ഞായറാഴ്ചയാണ് 80നും 100നുമിടയില്‍ ആളുകള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മരണാന്തര ചടങ്ങില്‍ പങ്കെടുത്തത്.
കലാബുര്‍ഗിയിലെ റോസ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ 5 പേരുടെ പേര് ചേര്‍ത്തിട്ടുണ്ടെന്ന് കലാബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ കിഷോര്‍ ബാബു പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലയളവില്‍ 20 പേരില്‍ കൂടുതല്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ലംഘിച്ച് സവാരിക്കിറങ്ങിയ 4,200 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഡെപ്യൂ. കമ്മീഷണര്‍ പറഞ്ഞു.