മുഖ്യപ്രതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖ ചികില്‍സ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവ്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് പീതാംബരന് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികില്‍സ നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കോടതിയില്‍ ഇന്ന് മാപ്പെഴുതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്. കേസില്‍ 24 പ്രതികളാണുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 14നാണ് പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജയില്‍ ഡോക്ടറോട് സൂപ്രണ്ട് ഉത്തരവിട്ടത്. ജയില്‍ ഡോക്ടറായ അമര്‍നാഥ് നടത്തിയ പരിശോധനയ്ക്ക് ശേഷം ഫെബ്രുവരി 19ന് പ്രതിക്ക് വിദഗ്ധചികില്‍സയ്ക്ക് റിപോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് പ്രതിക്ക് 40 ദിവസത്തെ ആയുര്‍വേദ ചികില്‍സ നല്‍കുകയായിരുന്നു.
എന്നാല്‍, ഇതിന് സിബിഐ കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല. നടുവേദനയും മറ്റ് ചില അസുഖങ്ങളുമുള്ളതിനാലാണ് കിടത്തിച്ചികില്‍സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് കൊടുത്തതെന്നാണ് വിവരം. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലാണ് എ പീതാംബരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. 2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് കൂരാങ്കര റോഡില്‍വച്ച് അക്രമികള്‍ ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്.