പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പോലിസുകാര്‍ക്കെതിരേ നടപടി

23 പോലിസുകാരെ കണ്ണൂര്‍ കെഎപി 4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി

Update: 2024-11-27 05:48 GMT
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പോലിസുകാര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയില്‍നിന്ന് പോലിസുകാര്‍ ഫോട്ടോ എടുത്തതിനെതിരെ നടപടി. എസ്എപി ക്യാംപിലെ 23 പോലിസുകാരെ കണ്ണൂര്‍ കെഎപി 4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി.

നടപടിയെ തുടര്‍ന്ന് 23 പോലിസുകാരും ശബരിമലയില്‍നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നു പോലിസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. പതിനെട്ടാംപടിയില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരാണ് ഫോട്ടോ എടുത്തത്. സന്നിധാനത്ത് ആദ്യം ഘട്ടത്തില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസുകാരാണ് മടങ്ങും മുമ്പ് ഫോട്ടോ എടുത്തത്.

ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പന്തളം കൊട്ടാരം അടക്കം പോലിസുകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശബരിമല പതിനെട്ടാം പടിയില്‍ ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സന്നിധാനത്തെ പോലിസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും എന്നാല്‍, ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News