പിണറായി മോദിയാവുന്നു: വി ഡി സതീശന്‍
പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ ചോദ്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിയതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെയും മലപ്പുറത്തെയും മോശമായി ചിത്രീകരിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്ന ഭീതിയിലാണ് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ ചോദ്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിയതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.മലപ്പുറം ജില്ല സ്വര്‍ണ്ണക്കടത്തുകാരുടെയും ഹവാലക്കാരുടെയും കേന്ദ്രമാണെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള പിണറായിയുടെ പ്രചാരണത്തെ സംബന്ധിച്ച് 49 ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ നല്‍കിയത്.
നക്ഷത്രമിട്ട ഈ ചോദ്യങ്ങളുടെ പ്രാധാന്യം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുടെ ഓഫീസുമാണ് ഇതില്‍ ഗൂഡാലോചന നടത്തിയത്. ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഉള്ള അവകാശം നഷ്ടപ്പെട്ടതാണ് സഭയിലെ പ്രതിപക്ഷ ബഹളത്തിന് കാരണം. പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ അപമര്യാദയായി പെരുമാറി. ഇത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടി നിയമസഭാ ടി.വി റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് ഏകാധിപത്യപരമാണ്. ഇനിയും ഈ വിഷയം ഉയര്‍ത്തും.
മലപ്പുറം ജില്ല സ്വര്‍ണ്ണക്കടത്തിന്റെയും ഹവാലയുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണെങ്കില്‍ പിണറായി വിജയന്റെ പോലീസ് അതു തടയാന്‍ എന്താണ് ചെയ്തത്. പകരം പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കേരളത്തെയും മലപ്പുറത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടത്തി. സര്‍ക്കാരിന് എതിരായ നീക്കങ്ങള്‍ക്ക് പുറകില്‍ സ്വര്‍ണ്ണക്കടത്തുകാരാണെന്നാണ് പിണറായി പറയുന്നത്. പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സെപ്റ്റംബര്‍ 13ന് ഡല്‍ഹിയില്‍ ശ്രമം നടന്നു. മുഖ്യമന്ത്രി 23ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മലപ്പുറം പരാമര്‍ശിച്ചു. 29ന് ഹിന്ദു പത്രത്തില്‍ പി ര്‍ ഏജന്‍സി വഴി അഭിമുഖം നല്‍കി. കേരളത്തെ കുറിച്ച് വളരെ മോശം പ്രതിഛായ ഇന്ത്യയില്‍ ഉണ്ടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഒരു സമുദായമാണ് സ്വര്‍ണ്ണക്കടത്തിന് പുറകില്‍ എന്നു വരുത്തി തീര്‍ത്ത് മതപരമായ ഭിന്നതയുണ്ടാക്കാനാണ് ശ്രമം. ഈ സ്‌ക്രിപ്റ്റുകള്‍ എല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്. പിണറായിയും സംഘപരിവാരും ഒരു വഴിയേ സഞ്ചരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും സതീശന്‍ ആരോപിച്ചു.