സംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം: എസ്ഡിപിഐ
പത്തനംതിട്ട: എസ്പി ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ ആര്‍എസ്എസ് നേതാവിനെ അംഗമാക്കിയത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. തങ്ങള്‍ ആര്‍എസ്എസിന് എതിരാണെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുകയും പിന്‍വാതിലിലൂടെ അവരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കുടിയിരുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്നും എസ് മുഹമ്മദ് അനീഷ് പറഞ്ഞു.
ആര്‍എസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ ജെ മനുവിനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അംഗമാക്കിയത്. ഈ തീരുമാനം വിവാദമായതോടെ സെല്‍ റദ്ദാക്കി ആഭ്യന്തര വകുപ്പ് തടിയൂരി. ആഭ്യന്തര വകുപ്പിനെ കയറൂരിവിട്ട് സംഘപരിവാറിന് കുഴലൂത്ത് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ നയം പൊതുസമൂഹം തിരിച്ചറിയണം.
കേരളത്തിലെ ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് സാന്നിധ്യം പരസ്യമായ രഹസ്യമാണ്. സേനയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ ആര്‍എസ്എസ് ബന്ധം പരസ്യമായി വെളിവാക്കിയിരുന്നു. എന്നിട്ടും അത്തരക്കാരെ പച്ചപരവതാനി വിരിച്ച് സംരക്ഷിച്ചുപോകുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. പോലിസ് സേനയില്‍ ആര്‍എസ്എസ് ആശയങ്ങള്‍ കുത്തിനിറച്ച് വര്‍ഗീയതയ്ക്ക് വളമൊരുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ആര്‍എസ്എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വഴിതെളിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് അത്യന്തം അപകടകരമാണ്. ആര്‍എസ്എസുകാരനെ പോലിസ് സേനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അംഗമാക്കാന്‍ ചരടുവലിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.