യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയ നായകനാണ് പിണറായി വിജയന്‍; മുഖ്യമന്ത്രിക്കെതിരേ പരിഹാസവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ജയില്‍ വകുപ്പിനെത്തന്നെ ചുമതല ഏല്‍പ്പിച്ച് സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഫെപോസ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചെയ്തത് ജയിലധികൃതരാണ്. മറ്റാര്‍ക്കെങ്കിലും ഭീഷണിപ്പെടുത്തണമെങ്കില്‍ ജയിലധികൃതരുടെ അനുമതിയില്ലാതെ അവരെ കാണാന്‍ പോലും കഴിയില്ല. ഈ വകുപ്പിനെ തന്നെയാണ് അവര്‍ ചെയ്ത കുറ്റം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്ന പിണറായി വിജയന്‍ യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയ നായകനെപ്പോലെയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ശിവശങ്കരന്‍ കള്ളക്കടത്ത് നടത്തിയെന്ന് ആദ്യം സമ്മതിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയാറായില്ലെങ്കിലും പിന്നീട് സംസ്ഥാന വിജിലന്‍സ് തന്നെ പ്രതിയാക്കി. ഒടുവില്‍ ശിവശങ്കരന് മാത്രമാണ് ബന്ധം എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു കഴിഞ്ഞു. യുദ്ധമൈതാനത്ത് നിന്നും ഒളിച്ചോടിയ നായകനാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരണ രംഗത്ത് നിന്നും ഭയന്ന് മാറിനില്‍ക്കുകയാണ്. ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്- ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.