കൊല്ലത്തെ ക്ഷേത്രത്തില്‍ ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും നടത്താന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കൊല്ലം മഞ്ഞിലപ്പുഴ ഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ആര്‍എസ്എസ് ശാഖ നടത്താനും പതാക സ്ഥാപിക്കാനും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ക്ഷേത്രത്തിലെ വിശ്വാസിയായ പ്രതിന്‍രാജ് എന്നയാളാണ് ഹരജി നല്‍കിയിരിക്കുന്നത്. മുമ്പ് നടന്ന ഉല്‍സവത്തില്‍ ചിലര്‍ ആര്‍എസ്എസിന്റെയും ബജ്‌റംഗ്ദളിന്റെയും കൊടികള്‍ സ്ഥാപിച്ചതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന ഏപ്രില്‍ മൂന്നിലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

പതാകകള്‍ സ്ഥാപിച്ചതില്‍ കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പതാകയും ബാനറും നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടായി. ക്ഷേത്രോല്‍സവത്തില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയെന്ന സംഭവം നടന്നിട്ടുണ്ട്. ആര്‍എസ്എസ് മുന്‍നേതാവ് ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുകയുമുണ്ടായി.
ആയുധ പരീശീലനം നടത്താനും ശാഖ എന്ന പേരില്‍ ഡ്രില്‍ നടത്താനും ആര്‍എസ്എസ് ക്ഷേത്രങ്ങളെ ഉപയോഗിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും പാടില്ലെന്ന ഉത്തരവിന് വിരുദ്ധമാണ് ഇത്. 2023ലെ വ്യാസന്‍ കേസില്‍ ഹൈക്കോടതിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ആരൊക്കെയാണ് ക്ഷേത്രത്തില്‍ ആയുധപരിശീലനവും ഡ്രില്ലും നടത്തുന്നത് എന്ന് അറിയിക്കാന്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും എസ് മുരളീകൃഷ്ണയും ചോദിച്ചു. അവരെ കേസില്‍ കക്ഷിയാക്കാനും നിര്‍ദേശിച്ചു. കേസ് മേയ് 20ന് വീണ്ടും പരിഗണിക്കും.