തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ അധികബാച്ച് അനുവദിക്കാന്‍ താമസിച്ചത് മൂലം പ്രവേശന നടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധിക സീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആവശ്യമെങ്കില്‍ താല്‍ക്കാലിക ബാച്ചുകള്‍ പിന്നീട് അനുവദിക്കും.
ബോണസ് പോയിന്റ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കില്ല. നീന്തലിനുള്‍പ്പെടെ മികവിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം. ബോണസ് പോയിന്റിലുള്‍പ്പെടെ തീരുമാനം വൈകുന്നതു മൂലമാണ് പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിക്കാനാകാതിരിക്കുന്നത്.