കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. പോലിസ് ഉദ്യോഗസ്ഥനാണ് അയല്‍വാസി കൂടിയായ ഇരയുടെ വീട്ടിലെത്തി തൂങ്ങി മരിച്ചത്. പുറ്റെക്കാട് പീസ് നെറ്റില്‍ കെ പി ഉണ്ണി (57) ആണ് മരിച്ചത്. വീടിന്റെ കാര്‍ പോര്‍ച്ചിലാണ് ഇയാള്‍ തൂങ്ങിയത്. പോലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2021ലാണ് കേസിനാസ്പദമായ സംഭവം. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പേരില്‍ ഇപ്പോഴും കേസിന്റെ നടപടികള്‍ തുടരുകയാണ്. ഇതിനിടയിലാണ് ഇരയുടെ വീട്ടിലെത്തി ഇയാള്‍ തൂങ്ങിമരിച്ചത്. നിലവില്‍ ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.