പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു; സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ പോക്‌സോ കേസ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കോഴിക്കോട് കോടഞ്ചേരി പോലിസ് സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികളുടെ അമ്മയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരേ കൂരാച്ചുണ്ട് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലിസ് കേസെടുത്തതിന് പിന്നാലെ വിനോദ് കുമാര്‍ ഒളിവില്‍ പോയതായാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരേ പരാതി നല്‍കിയത്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് പോലിസ് അറിയിച്ചു.