പീഡനക്കേസ്; സിപിഎം മുന്‍ കൗണ്‍സിലര്‍ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍
മലപ്പുറം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സിലറും മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റിലായി. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വനിതാ പോലിസ് സ്‌റ്റേഷനില്‍ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. 50ലധികം പീഡനപരാതികളാണ് ശശികുമാറിനെതിരേ ഉയര്‍ന്നത്. രണ്ട് പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിന്‍മേല്‍ കഴിഞ്ഞ മെയ് 13ന് ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്‌റ്റേയില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ജയില്‍ മോചിതനാവുകയും ചെയ്തു. നിരവധി പൂര്‍വ വിദ്യാര്‍ഥിനികളാണ് ശശികുമാരിനെതിരേ പരാതിയുമായി പോലിസിനെ സമീപിച്ചത്. 30 വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്നു. ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. ശശികുമാറിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്.
മറ്റു നാല് കേസ് പോക്‌സോ വരുന്നതിന് മുമ്പായതിനാല്‍ മറ്റ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പുതിയ പരാതിയിയില്‍ പോലിസ് എഫ്‌ഐആറില്‍ സംഭവം നടന്ന സ്ഥലമായ സ്‌കൂളിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുന്‍കേസുകളിലും പോലിസിനെതിരേ സമാന ആരോപണമുയര്‍ന്നിരുന്നു. ആദ്യ രണ്ട് കേസിലും പോലിസ് അന്വേഷണം ധൃതിയില്‍ പൂര്‍ത്തീകരിച്ചത് ശശികുമാറിന് വേഗത്തില്‍ ജാമ്യം ലഭിക്കാന്‍ സഹായകമായി. നിലവില്‍ ശശികുമാറിനെതിരേ ഏഴ് പരാതിയാണ് മലപ്പുറം വനിതാ സ്‌റ്റേഷനില്‍ ലഭിച്ചത്.
ശശികുമാര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014ലും 2019ലും രക്ഷിതാക്കളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. പക്ഷെ, ഈ വിവരം സ്‌കൂള്‍ അധികൃതര്‍ പോലിസിനെ അറിയിച്ചില്ല. തെളിവുകള്‍ കൈമാറിയിട്ടും പോലിസ് ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ല. പോക്‌സോ കുറ്റം മറച്ചുവച്ചതിനു സ്‌കൂളിനെതിരേ കേസെടുത്തുമില്ല. ഇതുവരെയുള്ള അന്വേഷണം രണ്ട് പോക്‌സോ പരാതിയില്‍ മാത്രം ഒതുങ്ങിപ്പോയെന്നും 30 വര്‍ഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂര്‍വ വിദ്യാര്‍ഥിനികളുടെ മാസ് പെറ്റിഷനില്‍ ഒരു എഫ്‌ഐആര്‍ പോലും ഇതുവരെ ഇട്ടില്ലെന്നും പരാതിയില്‍ പറയുന്നു.