രണ്ടു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരക്ക് രണ്ടുലക്ഷം നഷ്ട പരിഹാരം നല്‍കാന്‍ അപൂര്‍വ്വ വിധി

രണ്ടു മാസം മുന്‍പ് അമ്പലവയല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോടതി ഇടപെടല്‍.

Update: 2020-06-25 11:59 GMT

പി സി അബ്ദുല്

കല്‍പ്പറ്റ: പോക്‌സോ പീഡനക്കേസില്‍ വിചാര നടപടികളാരംഭിക്കും മുമ്പേ ഇരക്ക് ഇടക്കാല നഷ്ട പരിഹാരം നല്‍കാന്‍ കോടതിയുടെ പ്രത്യേക ഉത്തരവ്. രണ്ടു മാസം മുന്‍പ് അമ്പലവയല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോടതി ഇടപെടല്‍. പത്ത് വയസ്സ് പ്രായമുള്ള മാനസിക, ശാരീരിക വൈകല്യമുള്ള ആദിവാസി ബാലിക പീഡനത്തിനിരയായെന്നാണു കേസ്. അമ്പലവയല്‍ സ്വദേശി കുളത്തുവയല്‍ ഉമര്‍ മുനീര്‍ എന്നയാളാണു പ്രതി.

പോലിസ് റിപോര്‍ട്ടിലെ പ്രാഥമിക തെളിവുകള്‍ പരിഗണിച്ചാണ് ഇരക്ക് ഇടക്കാല നഷ്ട പരിഹാരം അനുവദിക്കുന്നതെന്ന് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വയനാട് ജില്ലാ പ്രത്യേക കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇരയുടെ ജീവിത സാഹചര്യം നിരീക്ഷിച്ച കോടതി സ്വമേധയാ കേസ് പരിഗണിച്ചാണ് ഇടക്കാല നഷ്ട പരിഹാരം വിധിച്ചത്. കുട്ടിയുടെ അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റുമായി തുക ചെലവഴിക്കണം.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി. അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനാസ്പദമായ പീഡനം നടന്നത് ലോക്ക് ഡൗണ്‍ കാലത്താണ്.

Tags: