യദ്ഗിരി (കർണാടക): ഒരു ഗ്രാമത്തിലെ ദലിത് കുടുംബങ്ങൾക്കെതിരേ സവർണരുടെ സാമൂഹിക ബഹിഷ്കരണം. ദലിത് സമുദായത്തിലെ പെൺകുട്ടി ഉയർന്ന ജാതിയിൽ പെട്ട യുവാവിനെതിരേ പോക്സോ പ്രകാരം പരാതി നൽകിയതാണ് ഗ്രാമത്തിലെ മുഴുവൻ ദലിത് കുടുംബങ്ങൾക്കുമെതിരേ സാമൂഹിക ബഹിഷ്കരണം ഏർപ്പെടുത്താൻ മേൽജാതിക്കാർക്ക് പ്രകോപനമായത്. കർണാടകയിലെ യദ്ഗിരി ജില്ലയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യദ്ഗിരി ജില്ലയിലെ ഹുനസാഗി താലൂക്കിലെ ഒരു ഗ്രാമത്തിൽ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടി അതേ ഗ്രാമത്തിലെ തന്നെ 20കാരനായ സവർണയുവാവിനാൽ ഗർഭിണിയാക്കപ്പെട്ടു. താഴ്ന്ന ജാതിക്കാരിയായതിനാൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചു. സംഭവം പുറത്തു പറയരുതെന്ന് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഗസ്തിലാണ് പരാതി രജിസ്റ്റർ ചെയ്തത്.
ഒത്തുതീർപ്പിന് തയ്യാറാവാത്തതിനാൽ ഒരു വിഭാഗം ഗ്രാമീണർ ദലിത് സമുദായത്തിലെ അംഗങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ജില്ലാ അധികൃതർ വിളിച്ചു ചേർത്ത സമാധാന യോഗത്തിൽ പ്രശ്നത്തിൻ്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. "ഇപ്പോൾ കാര്യങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. പ്രശ്നങ്ങൾ വേർതിരിച്ച് ചർച്ചയും ചെയ്തിട്ടുണ്ട്. " ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ബലാൽസംഗത്തിൻ്റെ വകുപ്പുകൾ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം, പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് യുവാവിനെതിരേ കേസ് എടുത്തിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.