എംപിമാര്‍ക്കെതിരെയുള്ള പോലിസ് അതിക്രമം; കെ. റെയിലിനെ എതിര്‍ക്കുന്ന ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ കെ രമ എംഎല്‍എ
കോഴിക്കോട്; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരെ രാജ്യതലസ്ഥാനത്തുണ്ടായ പോലിസ് അതിക്രമം പ്രതിഷേധാര്‍ഹമാണെന്നും കെ. റെയിലിനെ എതിര്‍ക്കുന്ന ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെ കെ രമ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുന്ന സമയത്തുതന്നെ കേരളത്തിലെ എംപിമാരെ ഡല്‍ഹി പൊലിസ് തല്ലിച്ചതച്ചത് ആസൂത്രിതമാണെന്നും രമ ആരോപിച്ചു.
.കെ.മുരളീധരനും ഹൈബി ഈഡനുമടക്കമുള്ള എംപിമാരെ നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു പൊലിസ്. വനിത എംപിയായ രമ്യ ഹരിദാസിനെ പുരുഷ പൊലിസാണ് കയ്യേറ്റംചെയ്തത്. കെ.റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസ് എംപിമാരെ കയ്യേറ്റം ചെയ്തതില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും നരേന്ദ്രമോദി സര്‍ക്കാരും മറുപടി പറയണം. കെ.റയില്‍ വിരുദ്ധ സമരത്തെ തല്ലിയൊതുക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രഖ്യാപിത നിലപാടിന്റെ നടത്തിപ്പുകാരവുകയാണോ കേന്ദ്രസര്‍ക്കാരെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമ ആശങ്കപ്രകടിപ്പിച്ചു.
കെ.റയില്‍ വിരുദ്ധ സമരത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ച കേളത്തിലെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.