യുപിയില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലിസ് ദഹിപ്പിച്ചത് കുടുംബത്തെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷം
ന്യൂഡല്‍ഹി: യുപിയിലെ ഹാത്രാസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊന്ന ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലിസ് ദഹിപ്പിച്ചത് കുടുംബത്തെ വീട്ടിന്നകത്ത് അടച്ചിട്ട ശേഷമെന്ന് റിപോര്‍ട്ട്. അവസാനം ചികില്‍സ തേടിയിരുന്ന ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം തട്ടിയെടുത്ത ശേഷമാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തിച്ച് ദഹിപ്പിച്ചത്. സംഭവത്തിനെതിരേ രാജ്യം മുഴുവന്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടത്.
ചികില്‍സിയിലിരിക്കെ ഇന്നലെ രാവിലെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ആദ്യം മുതലേ പോലിസ് തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ്, ഭീം ആദ്മി, മുഷ്യാവകാശപ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ രാത്രിയിലും പ്രതിഷേധിച്ചിട്ടും അവര്‍ വഴങ്ങിയില്ല. ഇതിനിടയില്‍ ആശുപത്രി പരിസരത്തുനിന്ന് പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കാന്‍ പോലിസ് ശ്രമിച്ചു. പ്രതിഷേധക്കാര്‍ ഇടപെട്ട് അത് പരാജയപ്പെടുത്തി. പക്ഷേ, ഒടുവില്‍ രാത്രി പത്തു മണിക്കുശേഷം രഹസ്യമായി മൃതദേഹം കടത്തുകയും രാത്രി രണ്ട് മണിക്കു ശേഷം ഗ്രാമത്തിലെത്തിച്ച് കത്തിക്കുകയും ചെയ്തു.
മൃതദേഹം തങ്ങള്‍ക്കു വിട്ടുതരണമെന്നും വീട്ടിലേക്ക് കൊണ്ടുവരണമെന്നുമുള്ള കുടുംബത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ശേഷമാണ് സംസ്‌കരിച്ചത്.
''ഹാത്രാസ് ഇരയെ ആദ്യം ചില പുരുഷന്മാര്‍ ബലാത്സംഗം ചെയ്തു. ഇന്നലെ മുഴുവന്‍ വ്യവസ്ഥിതിയും ക്രൂരമായി പീഡിപ്പിച്ചു. ആ എപ്പിസോഡ് മുഴുവന്‍ വളരെ വേദനാജനകമാണ്''- ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യുവതിയെ സംസ്‌കരിച്ച രീതിയെ അപലപിച്ചു.
''ഇന്ത്യയുടെ ഒരു മകളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. സത്യം തിരസ്‌കരിക്കപ്പെട്ടു. അവളെ സംസ്‌കരിക്കുന്നതിനുള്ള അവളുടെ കുടുംബത്തിന്റെ അവകാശവും മാനിക്കപ്പെട്ടില്ല''-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിയും യുവതിയെ സംസ്‌കരിച്ച രീതിയെ അപലപിച്ചു.
യുപിയിലെ ഹാത്രാസിലെ ഇരുപതു വയസ്സുള്ള പെണ്‍കുട്ടി ഇന്നലെ രാവിലെയാണ് ബലാല്‍സംഗത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലം ചികില്‍സയിലിരിക്കെ മരിക്കുന്നത്.
ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. നാവ് മുറിഞ്ഞുപോയിട്ടുണ്ട്. ഹാത്രാസിലെ നാല് സവര്‍ണ യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് പോലിസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ തയ്യാറായത്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.
സപ്തംബര്‍ 14 നാണ് യുപിയെ ഹാത്രാസില്‍ വയലില്‍ പുല്ലരിയാന്‍ പോയ പെണ്‍കുട്ടിയെ സവര്‍ണരായ നാല് യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബലാല്‍സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ബോധം പോയി ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിയ്ക്ക് കനത്ത രക്തവാര്‍ച്ചയനുഭവപ്പെട്ടിരുന്നു. കഴുത്തിലെ എല്ലൊടിഞ്ഞ് സുഷുമ്‌നാ നാഡി തകര്‍ന്നതിനാല്‍ ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. ആദ്യം അലീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നം നടന്ന് 5 ദിവസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. തുടക്കത്തില്‍ ബലാല്‍സംഗത്തിന് കേസെടുക്കാനും തയ്യാറായില്ല. പകരം കൊലപാതകശ്രമം ചാര്‍ജ്ജ് ചെയ്തു. തുടര്‍ച്ചയായ ഇടപെലിനെ തുടര്‍ന്നാണ് ബലാല്‍സംഗത്തിന് കേസെടുത്തത്. കേസെടുക്കുന്നതില്‍ അനാസ്ഥയുണ്ടായിട്ടില്ലന്ന് അവകാശപ്പെട്ട് യുപി പോലിസ് രംഗത്തുവന്നിട്ടുണ്ട്.