ഒളിവില്‍ കഴിയവെ കല്യാണം കഴിച്ച് ലഹരിക്കേസ് പ്രതി; വിവാഹ ഫോട്ടോ പിന്തുടർന്ന് പൊക്കി പോലിസ്

കാസര്‍കോട്: മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിച്ച് എക്‌സൈസ് സംഘം. പൈവെളിഗെ ഗ്രാമപ്പഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷ്ണു കുമാര്‍ (34) ആണ് അറസ്റ്റിലായത്. ഒളിവില്‍ക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായതോടെയാണ് എക്സൈസ് സംഘം പ്രതിക്കായി വല വിരിച്ചത്.
ഇയാള്‍ വിവാഹം കഴിച്ച യുവതിയുടെ മേല്‍വിലാസം കണ്ടെത്തിയ ശേഷം, സംഘം ഇയാളെ ശക്തമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ തന്നെ ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും സംഘം കണ്ടെത്തി. 2019, 21, 23 കാലങ്ങളില്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്.
എക്സൈസ് അധികൃതര്‍ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോളാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഇയാള്‍ പതുങ്ങിയിരിക്കുന്നത് കണ്ടത്. ഇറങ്ങി ഓടാന്‍ മുതിര്‍ന്ന പ്രതിയെ ഉടന്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.