'ലൗ ജിഹാദ്' ആരോപിച്ച് മുസ് ലിം വിദ്യാർഥിയെ മർദിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം

Update: 2024-04-11 08:22 GMT

മുംബൈ: ലൗ ജിഹാദ് ആരോപിച്ച് 19 വയസ്സുള്ള മുസ്‌ലിം വിദ്യാര്‍ഥിയെ ആക്രമിച്ചവരെ പിടികൂടാന്‍ പൂനെ പോലിസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. സാവിത്രി ഭായ് ഫുലെ സര്‍വകലാശാല വിദ്യാര്‍ഥിയായ പത്തൊമ്പതുകാരനെ ഞായറാഴ്ച ലൗ ജിഹാദ് ആരോപിച്ച് അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു.

യുവാവ് രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം കാന്റീനില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്‌ലിംമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് കാംപസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് റിപോര്‍ട്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൂനെ പോലിസ് കമീഷണര്‍ അമിതേഷ് കുമാര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികളെ സാമൂഹിക വിരുദ്ധര്‍ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍വകലാശാല രജിസ്ട്രാര്‍ വിജയ് ഖരെ പറഞ്ഞു.

Tags:    

Similar News