തിരുവനന്തപുരം: വാര്‍ത്താചര്‍ച്ചക്കിടെയുണ്ടായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണിനെ പോലിസ് ചോദ്യം ചെയ്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവം കേരളത്തില്‍ മുമ്പുണ്ടാവാത്തതാണ്.
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. ഈ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാവണമെന്ന് യൂനിയന്‍ സംസഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് എളമരം കരീമിനെതിരേ അധിക്ഷേപകരമായ പരാമര്‍ശനം നടത്തിയെന്നാണ് കേസ്.