'കാലു കുത്തിയാല്‍ തല ആകാശത്ത് കാണേണ്ടി വരും'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പോലിസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പോലിസ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഇന്ന് നടപടി.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടുന്നതിനെ വിമര്‍ശിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് കൊലവിളി പ്രസംഗം നടത്തിയത്.
പാലക്കാട്ട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല് തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ കൊലവിളി പ്രസംഗം.