കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും

Update: 2024-05-07 05:26 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും മൊഴി ഇന്ന് പോലിസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്‌ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹരജിയില്‍ കോടതി നിര്‍ദേശം നല്‍കിയതോടെയാണ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പോലിസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. നേരത്തെ അഭിഭാഷകന്റെ ഹരജിയില്‍ മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയറും ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇതോടെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News