മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി: ശരത്പവാര്‍ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി

Update: 2022-06-24 13:46 GMT

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയില്‍നിന്ന് ഒരു എംഎല്‍എകൂടി വിമതക്യാമ്പിലെത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. വിമതര്‍ക്ക് ഭരണം കൈപ്പിടിയിലൊതുക്കാന്‍ ആവശ്യമായ പിന്തുണയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.

ശതര് പവാര്‍, ഉപമുഖ്യമന്ത്രി അജിത് പവാര്‍, കാബിനറ്റ് മന്ത്രിമാരായ ജയന്ത് പാട്ടില്‍, പാര്‍ട്ടി നേതാക്കളായ പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് ഉദ്ദവ് താക്കറെയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

വിമതര്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി ഉദ്ദവ് ആരോപിച്ചിരുന്നു.

'വിട്ടുപോയവരോട് എനിക്ക് എന്തിനാണ് വിഷമം തോന്നുന്നത്? ശിവസേനയുടെയും താക്കറെയുടെയും പേരുകള്‍ ഉപയോഗിക്കാതെ, നിങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും,'- ഉദ്ദവ് പറഞ്ഞു.

ഏകനാഥ് ഷിന്‍ഡെയുടെ കലാപത്തിനെതിരായ പോരാട്ടത്തില്‍ നാല് എംഎല്‍എമാരെ കൂടി അയോഗ്യരാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന അസമിലെ ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന 16 വിമതരെ അയോഗ്യരാക്കാനാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. അതില്‍ 40ഉം ശിവസേനക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന നേതാവ് ദിലീപ് ലന്‍ഡെയാണ് അവസാനം വിമതര്‍ക്കൊപ്പം ചേര്‍ന്ന എംഎല്‍എ.

Tags:    

Similar News