തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ; പാലക്കാട് സ്വദേശി അറസ്റ്റില്‍
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ശിവദാസന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് പോലിസ് പറയുന്നു. ജോ ജോസഫിന്റെ പരാതിയില്‍ ആലത്തൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പോലിസിനു കൈമാറും. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിവിധ സ്‌റ്റേഷനുകളില്‍ പോലിസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പ്രതികള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമായി വ്യാജ പ്രൊഫൈലുകളുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ജോ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വീഡിയോ പ്രചാരണത്തിനെതിരേ ജോ ജോസഫിന്റെ ഭാര്യ ഡോ. ദയാ പാസ്‌കലും രംഗത്തെത്തി. ക്രൂരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. 'വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. എല്ലാ പരിധികളും വിടുകയാണ്. തിരഞ്ഞെടുപ്പിനുശേഷവും ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇനിയും പഠിക്കണ്ടേ. എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ. കുടുംബത്തെ കൂടി ബാധിക്കുന്ന കാര്യങ്ങളാവുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല- ദയ പാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു. ഇടത് സ്ഥാനാര്‍ഥി ഒരു യുവതിക്കൊപ്പം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്കു ജോ ജോസഫ് പരാതി നല്‍കിയിരുന്നു.