ചുഴലിക്കാറ്റിന് പിന്നാലെ ജനങ്ങള്‍ക്ക് ദുരിതം വിതച്ച് മാളയില്‍ വൈദ്യുതി തടസ്സം

Update: 2022-04-07 12:33 GMT

മാള: കെഎസ്ഇബി കുഴൂര്‍ വൈദ്യുതി സെക്ഷനു കീഴില്‍ രണ്ട് ദിവസമായി വൈദ്യുതിയില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഒരാഴ്ചക്കുള്ളില്‍ 24 വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി കമ്പികള്‍ ഒട്ടനവധി പൊട്ടുകയും ചെയ്തിരുന്നു. 

കെഎസ്ഇബി ജീവനക്കാരും കരാര്‍തൊഴിലാളികളും നാട്ടുകാരും ഒപ്പം മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും ഒരുപാട് യത്‌നിച്ചാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതേകാലോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അരമണിക്കൂറോളം കഴിഞ്ഞ് വീണ്ടും വൈദ്യുതിയില്ലാതായി. രാത്രി 11 മണിയോടെ സെക്ഷനിലേക്ക് വിളിച്ചപ്പോള്‍ കുഴൂര്‍ വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്നും ബാക്കിയുള്ളിടങ്ങളില്‍ എര്‍ത്ത് ഫോള്‍ട്ടുണ്ടെന്നുമാണ് പറഞ്ഞത്.

ഇന്‍വെര്‍ട്ടര്‍ സംവിധാനമുള്ളവര്‍ പോലും ബുദ്ധിമുട്ടിലാണ്. ടാങ്കുകളിലെ വെള്ളം തീര്‍ന്നതോടെ ദിനചര്യകളെല്ലാം തെറ്റി. ഓഫിസിലോ ജോലിക്കോ പോകാനാകാത്ത അവസ്ഥയായിരുന്നു. ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കാതായതോടെ അവയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം നാശമായി. രോഗികള്‍ക്ക് സ്ഥിരമായി കഴിക്കേണ്ടതും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുമായ മരുന്നുകളും ഉപയോഗശൂന്യമായി.

റമദാന്‍ ആയതിനാല്‍ പള്ളികളില്‍ പോയവര്‍ക്കും ബുദ്ധിമുട്ടായി. അവിടത്തെ പൈപ്പുകളില്‍ വെള്ളമില്ലായിരുന്നു. മൈക്കിലൂടെ ബാങ്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. മെഴുകുതിരി പോലും കിട്ടാനാകാത്ത അവസ്ഥ. മൊബൈല്‍ ഫോണുകളും ചത്തു. ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെയും ബാധിച്ച വൈദ്യുതി മുടക്കം വളരെയേറെ ദുരിതമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്.

ഇന്നലെ പകല്‍ 10.30 നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അതോടെ പ്രശ്‌നം തീര്‍ന്നില്ല. ശരാശരി അരമണിക്കൂര്‍ ഇടവിട്ടുള്ള വൈദ്യുതി തടസ്സം അപ്പോള്‍ മുതലുണ്ട്. ഇടക്കിടെ വൈദ്യുതി തടസ്സപ്പെടുന്നത് ഏറ്റവും കൂടുതലായി പ്രശ്‌നം സൃഷ്ടിച്ചത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന വൈദ്യുതോപകരണങ്ങളെയാണ്.

Similar News