സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ഞായറാഴ്ച മുതൽ
ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷൻ ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയായി 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് വാക്സിൻ ലഭിക്കുക.
ഇതിനുള്ള ബുക്കിങ് ഞായറാഴ്ച മുതൽ ആരംഭിക്കും. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്‌സിനേടുക്കാം. ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗക്കാർ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നും മന്ത്രി അറിയിച്ചു. ഇതോടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികൾക്ക് വാക്‌സിൻ നൽകാനായി.