ഭക്ഷ്യ എണ്ണയുടെ വിലയില്‍ 15 രൂപ കുറവുവരുത്തണം; കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഭക്ഷ്യ എണ്ണ ഉല്‍പ്പാദക കമ്പനികള്‍ക്കും മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയത്. ജൂലൈ 6 ന് നടന്ന യോഗത്തില്‍, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന കാര്യം ചര്‍ച്ചയായിരുന്നു. അതിനാല്‍, ആഭ്യന്തര വിപണിയിലും തുല്യമായി വില കുറയ്ക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പാചക എണ്ണയുടെ വില അടിയന്തരമായി ലിറ്ററിന് 15 രൂപ കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വില കുറയ്ക്കല്‍ നടപടിയില്‍ ഒരു തരത്തിലും വീഴ്ച വരാതിരിക്കാന്‍ നിര്‍മ്മാതാക്കളും റിഫൈനര്‍മാരും വിതരണക്കാര്‍ക്ക് നല്‍കുന്ന വില ഉടന്‍ കുറയ്‌ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഭക്ഷ്യ എണ്ണയുടെ വില ഇത്രമാത്രം വര്‍ദ്ധിക്കാന്‍ കാരണമായത്. എന്നാല്‍, അടുത്തിടെ ആഗോളതലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞിരുന്നു.
നിര്‍മാതാക്കള്‍/ റിഫൈനര്‍മാര്‍, വിതരണക്കാര്‍ക്ക് നല്‍കുന്ന വിലയില്‍ കുറവ് വരുത്തുമ്പോഴെല്ലാം അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും ഇതുസംബന്ധിച്ച് വകുപ്പിനെ നിരന്തരം അറിയിക്കണമെന്നും നിര്‍ദേശം നല്‍കി. മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വില കുറയ്ക്കാത്തതും എംആര്‍പി കൂടുതലുള്ളതുമായ ചില കമ്പനികളോടും വില കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ വിലകുറയുന്ന പ്രവണതയാണ് കാണുന്നതെന്നും ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ ഇത് നല്ലതാണെന്നും യോഗം നിരീക്ഷിച്ചു.
അതിനാല്‍, ആഭ്യന്തര വിപണിയിലെ വിലയും ആനുപാതികമായി കുറയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൂടാതെ, ഈ വിലക്കുറവ് ഒരു കാലതാമസവുമില്ലാതെ ഉപഭോക്താക്കളിലെത്തണം. വില വിവരശേഖരണം, ഭക്ഷ്യ എണ്ണകളുടെ നിയന്ത്രണ ഉത്തരവ്, ഭക്ഷ്യ എണ്ണകളുടെ പാക്കേജിങ് തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടെ ഭക്ഷ്യ എണ്ണകളുടെ ആഗോളവില ഒരു ടണ്ണിന് 300-450 ഡോളര്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.