പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ് അന്തരിച്ചു
രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ബിബേക് ദെബ്രോയ് എഴുത്തുകാരനും കൂടിയാണ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമതി ചെയര്‍മാനായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു. ഇന്ന് രാവിലെ 7 മണിക്ക് ആയിരുന്നു അന്ത്യം. പ്രമുഖ സാമ്പത്തിക വിദഗ്ധനും പദ്മശ്രീ അവാര്‍ഡ് ജേതാവും കൂടിയാണദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ബിബേക് ദെബ്രോയ് എഴുത്തുകാരനും കൂടിയാണ്.പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സിന്റെ (ജിപിഇ) ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി. 'ഡോ. ബിബേക് ദെബ്രോയ് ജി ഒരു ഉന്നത പണ്ഡിതനായിരുന്നു, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ അവഗാഹം നേടിയിരുന്നു. അദ്ദേഹത്തിന്റെ കൃതികളിലൂടെ ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയില്‍ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു' എന്നായിരുന്നു പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.