കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴുത്തറുപ്പന്‍ ഫീസ്: കൊവിഡ് രോഗിയുടെ ബില്‍ തുക 5,10 819; പിപിഇ കിറ്റിന് ഒരോ ദിവസം ഒരോ തുക
ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ നിര്‍ദ്ദേശവും കാറ്റില്‍ പറത്തിയാണ് വന്‍ കൊള്ള നടത്തുന്നത്
തിരുവനന്തപുരം: കൊവിഡ് രോഗികളില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി കൊല്ലത്തെ സ്വകാര്യ ആശുപത്രി. കൊല്ലം മെഡിട്രിന ആശുപത്രിയാണ് കൊവിഡ് ചികില്‍സയുടെ മറവില്‍ വന്‍ കൊള്ള നടത്തുന്നത്. അഞ്ചു ലക്ഷം രൂപയുടെ ബില്ല് നല്‍കിയതിനാല്‍ അടയ്ക്കാനില്ലാതെ ആശുപത്രിയില്‍ തന്നെ തുടരുകയാണ് രോഗി. കൊല്ലം വടക്കേവിള സ്വദേശി ജാസ്മിക്കാണ് ഇത്ര വലിയ തുകയുടെ ബില്ല് നല്‍കിയത്.
രോഗിയുടെ ബന്ധു ജുനൈദ് പറയുന്നത്;
'കഴിഞ്ഞ മാസം 19നാണ് കൊല്ലം മെഡിട്രിന ആശുപത്രിയില്‍ ജാസ്മിയെ അഡ്മിറ്റ് ചെയ്യുന്നത്. ഏഴിന് ജാസ്മി ഡിസ്ചാര്‍ജ്ജായി. 18 ദിവസത്തേക്ക് 5,10 819 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. എന്നാല്‍ അത്രയും തുക അടക്കാനില്ലാത്തതിനാല്‍ ജാസ്മി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 45000 രൂപ അടച്ചാണ് ആശുപത്രിയില്‍ അഡ്മിഷന്‍ എടുത്തത്. ഐപി വിസിറ്റിന് ഡോക്ടറിന് ഒരു സമയം 2000 രൂപയാണ് ഫീസ്. ഡോക്ടര്‍ വിസിറ്റിന് ഒരു ദിവസം തന്നെ 4000 രൂപവരെ ഈടാക്കിയിരുന്നു. പരമാവധി ഒരു ദിവസം 12000 രൂപയാകും എന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഏഴിന് ബില്ല് ലഭിക്കുമ്പോഴാണ് ഇത്ര വലിയ തുകയാണെന്ന് അറിയുന്നത്. ഈ കൊള്ളക്കെതിരേ ജില്ലാ കലക്ടര്‍ക്കും ഡിഎംഒക്കും പരാതി നല്‍കും'.
എന്നാല്‍ സ്വാഭാവിക ബില്ലാണെന്നും മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ഫീസാണ് ഇതെന്നും കൊല്ലം മെഡിട്രിന ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.