കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി

2021 ജൂണ്‍ 22നാണ് പ്രിയക്ക് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസി. ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചത്

Update: 2022-08-09 12:06 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി ഉത്തരവിറക്കി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. 2021 ജൂണ്‍ 22 നാണ് പ്രിയയ്ക്ക് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസി. ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചത്. സേവന കാലാവധി ജൂലൈ 7ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയത്.

അതിനിടെ, പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയെന്ന പരാതിയില്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് പ്രിയ വര്‍ഗീസിന് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു. യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ഒഴിവിലേക്ക് ഒന്നാം റാങ്ക് നല്‍കിയതെന്നാണ് പരാതി. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പാരിതോഷികമായാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് വിസി ആയി പുനര്‍നിയമനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

Tags:    

Similar News