ഭഗവദ്ഗീത അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത കോഴ്സുകള്‍ക്ക് നിര്‍ദേശം: ഡല്‍ഹി സര്‍വ്വകലാശാലക്കെതിരേ വിമര്‍ശനം
ഒരു മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബഹുസ്വര ധാര്‍മ്മികതയെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കം എന്ന് അധ്യാപകര്‍ പറയുന്നു
ന്യൂഡല്‍ഹി: ഹിന്ദു മതഗ്രന്ഥമായ ഭഗവദ്ഗീതയെ കുറിച്ച് നാല് മൂല്യവര്‍ദ്ധിത കോഴ്സുകള്‍ വാഗ്ദാനം ചെയ്യാനുള്ള ഡല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശത്തില്‍ വിവാദം. വെള്ളിയാഴ്ചയാണ് സര്‍വകലാശാല കോഴ്‌സുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരേ അധ്യാപകര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഗീതയില്‍ മാത്രമായി നിരവധി മൂല്യവര്‍ധിത കോഴ്സുകള്‍ രൂപപ്പെടുത്തിയത് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ മനസിലാക്കുന്നതിനുള്ള കുട്ടികളുടെ താല്‍പര്യത്തെ ഇല്ലാതാക്കുമെന്ന് അധ്യാപകര്‍ പറയുന്നു.
ഗീത ഫോര്‍ എ ഹോളിസ്റ്റിക് ലൈഫ്, ലീഡര്‍ഷിപ്പ് എക്‌സലന്‍സ് ത്രൂ ദി ഗീത, ദി ഗീത ഫോര്‍ എ സുസ്ഥിര പ്രപഞ്ചം, ദി ഗീത: നാവിഗേറ്റിംഗ് ലൈഫ് ചലഞ്ചസ് ആന്‍ഡ് എന്‍വിസേജിംഗ് വിക്ഷിത് ഭാരത്: വീക്ഷണങ്ങളും വെല്ലുവിളികളും എന്നിവയാണ് പുതിയ കോഴ്സുകള്‍.
അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ മായ ജോണ്‍, മോനാമി സിന്‍ഹ, മിഥുരാജ് ധുസിയ, ബിശ്വജിത് മൊഹന്തി എന്നിവര്‍ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിയോജനകുറിപ്പുകള്‍ സമര്‍പ്പിച്ചു. ഒരു മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബഹുസ്വര ധാര്‍മ്മികതയെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കം എന്ന് അവര്‍ പറയുന്നു. ഭരണഘടനയുടെ സെക്യുലര്‍ തത്വങ്ങള്‍ക്ക് കീഴില്‍ സ്ഥാപിതമായ ഒരു സര്‍വകലാശാല മതഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് വിമര്‍ശനാത്മക വിശകലനത്തിനോ പുരാണ പഠനങ്ങളുടെ ഭാഗമായോ മാത്രമേ പാടുള്ളൂ, മതസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഒരു പ്രത്യേക ജീവിതരീതി നിര്‍ദേശിക്കുന്നതിനോ വേണ്ടിയല്ലെന്നും അവര്‍ പറഞ്ഞു.