സാമ്പത്തിക പ്രതിസന്ധിക്കെതിരേ പ്രതിഷേധം രൂക്ഷം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

Update: 2022-05-07 01:03 GMT

കൊളംബോ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സെയാണ് ഒപ്പുവച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥക്ക് പ്രാബല്യമുള്ളത്. രൂക്ഷമായ ഒരു ദിവസത്തെ പ്രതിഷേധത്തിനു പിന്നാലെയാണ് പ്രസിഡന്റ് സുപ്രധാനമായ തീരുമാനമെടുത്തത്.

ഏപ്രില്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഭക്ഷണത്തിനും  ഇന്ധനത്തിനും മരുന്നിനും ക്ഷാമം നേരിടുന്ന രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം അടിക്കടി തീവ്രമാവുകയാണ്.

വിദേശനാണയ കരുതല്‍ ശേഖരം ഇടിഞ്ഞതോടെയാണ് ശ്രീലങ്കയുടെ അന്താരാഷ്ട്ര വാണിജ്യം തകര്‍ച്ച നേരിട്ടത്. നിലവില്‍ വിദേശകരുതല്‍ ശേഖരം 50 ലക്ഷം ഡോളറില്‍ താഴെയാണെന്ന് ധനമന്ത്രി ഈ ആഴ്ച പറഞ്ഞിരുന്നു.

ഇന്നത്തെ അടിയന്തരാവസ്ഥയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. മുന്‍ കാലങ്ങളിലെ അടിയന്തരാവസ്ഥ പ്രസിഡന്റിന് സൈന്യത്തെ നിയോഗിക്കുന്നതടക്കം വലിയ അധികാരമാണ് നല്‍കിയിരുന്നത്. കാരണമൊന്നുമില്ലാതെ പൗരന്മാരെ തടവിലിടാനും അത് അവസരം നല്‍കുന്നു.

പ്രസിഡന്റിന്റെ ഉത്തരവ് 30 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗീകരിക്കണം.

ഇപ്പോഴത്തെ അടിയന്തരാവസ്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ളതല്ലെന്ന് പ്രതിപക്ഷനേതാവ് പ്രേമദാസ പറഞ്ഞു. പ്രസിഡന്റിന്റെ രാജിയും ആവശ്യപ്പെട്ടു. 

അനാവശ്യതീരുമാനമെന്നാണ് കാനഡ അംബാസിഡര്‍ ഡേവിഡ് മക് കിന്നോന്‍ അഭിപ്രായപ്പെട്ടത്. 

Tags:    

Similar News