ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു തൊട്ടുപിന്നാലെ പ്രതിഷേധവും ആരംഭിച്ചു. ജലാലാബാദിലും മറ്റ് ചില നഗരങ്ങളിലുമാണ് അഫ്ഗാന്‍ പതാകയുമായി പ്രതിഷേധം പടര്‍ന്നുപിടിച്ചിരിക്കുന്നത്. നൂറുകണക്കിനു പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരേ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാന്‍ പതാക മാറ്റി പകരം താലിബാന്‍ പതാക സ്ഥാപിക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നഗരവാസികള്‍ ധാരാളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി അസോസിയേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു.
യുകെ, ജര്‍മനി തുടങ്ങി നിരവധി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുവരെ 3200 പേരെ രാജ്യത്തേക്ക് തിരിച്ചെത്തിയതായി യുഎസ് അറിയിച്ചു.
സ്ത്രീസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് തുടങ്ങിയവയാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുനയം.