കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ഇറ്റലിയില്‍ പ്രക്ഷോഭം: കടകള്‍ കൊള്ളയടിച്ചു
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ തിങ്കളാഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
റോം: കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇറ്റലിയില്‍ വന്‍ പ്രതിഷേധം. ടൂറിനിലും മിലാനിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിഷേധം പലയിടങ്ങളിലും പോലീസുമായുള്ള ഏറ്റുമുട്ടലിലെത്തി. തിങ്കളാഴ്ച രാത്രി, ടൂറിനിലെ ചില പ്രതിഷേധക്കാര്‍ കടകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
മിലാനിലും അക്രമങ്ങള്‍ വ്യാപിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി, കല്ലുകളും പെട്രോള്‍ ബോംബുകളും പടക്കങ്ങളും പോലീസിനു നേരെ എറിഞ്ഞു. ഇതിനെ തുടര്‍ന്ന് 28 പേരെ കസ്റ്റഡിയിലെടുത്തതായി അന്‍സ വാര്‍ത്താ ഏജന്‍സി അറിയിച്ചു. രണ്ട് നഗരങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ തിങ്കളാഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വൈകുന്നേരം 6 മണിയോടെ റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചുപൂട്ടുണമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും തിയേറ്ററുകളും ജിമ്മുകളും സിനിമാശാലകളും അടച്ചുപൂട്ടുകയും ചെയ്തു. ഇറ്റലിയില്‍ 37,479 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.