മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ ബംഗാളില്‍ പ്രതിഷേധം; 110 പേരെ അറസ്റ്റ് ചെയ്ത് പോലിസ്

കൊല്‍ക്കത്ത:മുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 110 പേരെ അറസ്റ്റ് ചെയ്ത് പശ്ചിമ ബംഗാള്‍ പോലിസ്. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് പ്രധാനമായും സംഘര്‍ഷമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മുര്‍ഷിദാബാദ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായും പോലിസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് സുതിയില്‍ നിന്ന് ഏകദേശം 70 പേരെയും സാംസര്‍ഗഞ്ചില്‍ നിന്ന് 41 പേരെയും അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുണ്ട്. ജില്ലകളിലെല്ലാം പോലിസ് റെയ്ഡുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പോലിസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. സുതിയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലിസ് വെടിവയ്പ്പില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു.
മമത ബാനര്‍ജി സര്‍ക്കാരിന് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് സഹായം തേടണമെന്ന് ബിജെപി വിമര്‍ശനമുന്നയിച്ചു. മുര്‍ഷിദാബാദിലെ അക്രമങ്ങളെച്ചൊല്ലിയുള്ള അരാജകത്വത്തിനിടയില്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു' എന്നും 'ഇവിടെ ഒരു ബംഗ്ലാദേശ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു' ബിജെപി എംപി സുകാന്ത മജുംദാര്‍ ആരോപിച്ചു.
മുര്‍ഷിദാബാദ് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോതാവ് സുവേന്ദു അധികാരി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
മുര്‍ഷിദാബാദ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) തുടങ്ങിയ സംഘടനകളുടെ സാന്നിധ്യവും കാരണം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് സുവേന്ദു അധികാരി കത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം, വഖ്ഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ജൈന സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മമതയുടെ പരാമര്‍ശം.'വഖ്ഫ് ഭേദഗതി നിയമം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ബംഗാളില്‍ വിഭജിക്കുകയും ഭരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒന്നും സംഭവിക്കില്ല,' എന്നായിരുന്നു പ്രസ്താവന. 33 ശതമാനം മുസ്ലിംകള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ദീദി ഇവിടെയുണ്ട്. ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത പറഞ്ഞു. ബംഗാളിലെ മുസ്ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.