രോഗികള്‍ക്ക് നല്‍കുന്നത് നിലവാരമില്ലാത്ത ഭക്ഷണം; മന്ത്രി കരാറുകാരന്റെ മുഖത്തടിച്ചു
ഭക്ഷണത്തിന്റെ നിലവാരം അടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട മന്ത്രി പെട്ടെന്നുള്ള പ്രകോപനത്തില്‍ ഇയാളെ അടിക്കുകയായിരുന്നു
മുംബൈ: രോഗികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തു എന്നാരോപിച്ച് മന്ത്രി കരാറുകാരന്റെ മുഖത്തടിച്ചു. മഹാരാഷ്ട്ര അകോലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ജലവിഭവം, വനിതശിശുക്ഷേമം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ബച്ചു കടു കരാറുകാരനെ തല്ലിയത്.
തിങ്കളാഴ്ച വൈകിട്ട് മന്ത്രി ബച്ചു കടു ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെ രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മന്ത്രി പരിശോധിച്ചിരുന്നു.കോവിഡ് രോഗികള്‍ക്ക് അടക്കം നല്‍കുന്ന ഭക്ഷണം തീര്‍ത്തും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടതോടെ കുപിതനായ മന്ത്രി, കരാറുകാരനെ വിളിച്ചു വരുത്തി.
ഭക്ഷണത്തിന്റെ നിലവാരം അടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട മന്ത്രി പെട്ടെന്നുള്ള പ്രകോപനത്തില്‍ ഇയാളെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്നത് സംബന്ധിച്ച് നേരത്തെയും പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ആശുപത്രിയിലെ ഭക്ഷണവിതരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സബ് ഡിവിഷണല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബച്ചു കടു പറഞ്ഞു.