പി ടി ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ

Update: 2022-12-10 15:44 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷയായി പി ടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഐഒഎ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി ടി ഉഷ. എതിരില്ലാതെയാണ് ഉഷ തിരഞ്ഞെടുക്കപ്പെട്ടത്. സുപ്രിംകോടതി മുന്‍ ജഡ്ജി എല്‍ നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 58കാരിയായ പി ടി ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കായിക താരം കൂടിയാണ് പി ടി ഉഷ.

1938 മുതല്‍ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ല്‍ ക്രിക്കറ്റ് ടെസ്റ്റ് മല്‍സരത്തില്‍ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയ്ക്ക് കൂടുതല്‍ മെഡലുകള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ പറഞ്ഞു. അത്‌ലറ്റിക് കരിയറില്‍ നൂറിലേറെ ദേശീയ അന്താരാഷ്ട്ര മെഡലുകള്‍ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളി സ്വദേശിയായ പിടി ഉഷ നിലവില്‍ രാജ്യസഭാംഗമാണ്. സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അജയ് എച്ച് പട്ടേല്‍, ട്രഷററായി സഹേദേവ് യാദവ്, ജോയിന്റ് സെക്രട്ടറിമാരായി കല്യാണ് ചൗബെ, അളകനന്ദ അശോക് എന്നിവരെയും തിരഞ്ഞെടുത്തു.

Tags:    

Similar News