പുല്‍വാമ ആക്രമണം: മൊബൈല്‍ നല്‍കിയ ആളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Update: 2020-07-07 16:36 GMT

ശ്രീനഗര്‍: 2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുകയും അഭയം നല്‍കുകയും ചെയ്തയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 2019 ല്‍ പുല്‍വാമയില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട കേസിലെ ഏഴാമത്തെ അറസ്റ്റ് ആണ് ഇത്.

കകപോറയിലെ മരക്കമ്പനി മുതലാളിയായ ബിലാല്‍ അഹമ്മദ് കുച്ചെയാണ് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കോടതി തുടര്‍അന്വേഷണത്തിനായി 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

കുച്ചെ, ജെയ്‌ഷെ മുഹമ്മദ് അംഗങ്ങള്‍ക്ക് ആക്രമണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ''ആക്രമണം നടത്തിയവര്‍ ഇയാളുടെ വീട്ടില്‍ താമസിച്ചു. പുല്‍വാമയിലെ പ്രധാന വ്യവസായിയായ ഇയാള്‍ നേരത്തെ സിആര്‍പിഎഫ് ബസിനെതിരേ ബോംബു നിറച്ച കാറോടിപ്പിച്ചു കയറ്റിയ അദില്‍ അഹ്മദ് ദറിന്റെ നാട്ടുകാരനാണ്. ആക്രമണകാരികള്‍ക്കുവേണ്ടി മൊബൈല്‍ഫോണ്‍ സംഘടിപ്പിച്ചതും ആസൂത്രണം നടത്തിയതും അഭയം നല്‍കിയതും ഇയാളാണ്''-എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2019 ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ എസ് യുവി ഇടിച്ചുകയറിയാണ് പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Tags:    

Similar News