വിവാഹ മോചനത്തിന് ശിക്ഷ: ആദിവാസി യുവതിയെ കൊണ്ട് ഭര്‍ത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു
നടത്തത്തിന്റെ വേഗം കുറയുമ്പോള്‍ യുവതിയെ അടിക്കുകയും ചെയ്തു. ആരും തടയാന്‍ ശ്രമിച്ചില്ല.
ബാന്‍സ് ഖേഡി (മധ്യപ്രദേശ്): പരസ്പര സമ്മതത്തോടെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊരു പുരുഷനുമായി ബന്ധത്തിലായതിന്റെ പേരില്‍ ആദിവാസി യുവതിയെ കൊണ്ട് ഭര്‍ത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ക്രൂരമായി ശിക്ഷാ രീതി നടത്തിയത്. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മറ്റൊരാളെ തോളിലേറ്റി യുവതി നടക്കാന്‍ നിര്‍ബന്ധിതയായത്. 'ശിക്ഷ നടപ്പിലാക്കിയവര്‍' ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മുന്‍ഭര്‍ത്താവ് ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
ഗ്രാമീണരായ സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവര്‍ വടികളും ക്രിക്കറ്റ് ബാറ്റുകളുമായി യുവതിയുടെ പിറകെ പോകുന്നതും വീഡിയോയിലുണ്ട്. നടത്തത്തിന്റെ വേഗം കുറയുമ്പോള്‍ യുവതിയെ അടിക്കുകയും ചെയ്തു. ആരും തടയാന്‍ ശ്രമിച്ചില്ല. പകരം മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയാണ് ചെയ്തത്. ഗുണ ജില്ലയിലെ സഗായ്, ബാന്‍സ് ഖേഡി ഗ്രാമങ്ങള്‍ക്കിടയിലാണ് സംഭവം. വിവാഹമോചിതയായ യുവതിയെ മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തിലെ അംഗങ്ങളും ആ ഗ്രാമത്തില്‍ നിന്നുള്ളവരും വീട്ടിലെത്തി തട്ടികൊണ്ടു പോയിട്ടാണ് 'ശിക്ഷ നടപ്പിലാക്കി' യത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലും മധ്യപ്രദേശില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ കൊണ്ട് ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിക്കുകയാണ് ചെയ്തത്.