കൊവിഡ് 19 പ്രതിരോധത്തില്‍ മാതൃകയായി പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രം

പത്ത് ദിവസത്തെ അടച്ചിടലിനും അണുനശീകരണത്തിനും ശേഷം പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത് സംസ്ഥാനത്തിന് തന്നെ മികച്ച മാതൃക നല്‍കിക്കൊണ്ടാണ്.

Update: 2020-07-22 14:51 GMT

മാള: കൊവിഡ് 19 പ്രതിരോധത്തില്‍ മാതൃകയായി പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രം. പത്ത് ദിവസത്തെ അടച്ചിടലിനും അണുനശീകരണത്തിനും ശേഷം പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത് സംസ്ഥാനത്തിന് തന്നെ മികച്ച മാതൃക നല്‍കിക്കൊണ്ടാണ്. കേരളത്തിലെമ്പാടും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നു വരെ കോവിഡ് വ്യാപനം സംഭവിച്ചപ്പോള്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് ഒരാളിലേക്കും രോഗം പകര്‍ന്നില്ല എന്നതാണ് പുത്തന്‍ചിറ സാമൂഹ്യാരോഗ്യകേന്ദ്രം സ്വീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ വിജയം.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നൂറ് പേരുടെയും പരിശോധന ഫലം നെഗറ്റീവായതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ വിജയവും വിശ്വാസ്യതയുമാണ് വെളിവാകുന്നത്.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രം ഒപി ബ്ലോക്കുകള്‍ രണ്ടായി തിരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാതൃ ശിശു വയോജന ക്ഷേമ ബ്ലോക്ക് എന്ന നിലയില്‍ പ്രഥമ പരിഗണനയിലുള്ളവര്‍ക്കായി സുരക്ഷിത സ്ഥാനം ഒരുക്കി അവരിലേക്ക് രോഗ പകര്‍ച്ച വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തു. ഇതോടെ കേരളത്തില്‍ ആദ്യമായി മാതൃശിശു വയോജനങ്ങള്‍ക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കുന്ന സി എച്ച് സിയായി പുത്തന്‍ചിറയിലേത്. കൊവിഡ്19 പശ്ചാത്തലത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് ചികിത്സ നടത്താന്‍ പുതിയ ബ്ലോക്കില്‍ സംവിധാനമൊരുക്കി.

വയോജനങ്ങള്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍, ജീവിതശൈലിരോഗികള്‍ എന്നിവരില്‍ പകര്‍ച്ചവ്യാധി ലക്ഷണമായ പനി ഇല്ലാത്തവര്‍ക്ക് മാത്രമായി ചികിത്സ നിയന്ത്രിച്ചു. പ്രത്യേകം ഗ്രീന്‍ പാസ് സംവിധാനവും ഹെല്‍പ് ഡെസ്‌കും ഒരുക്കി. തെര്‍മ്മല്‍ സ്‌കാനിങ് നടത്തി ഗ്രീന്‍ പാസ് മുഖേനയാണ് അകത്തേക്കുളള പ്രവേശനം. ബ്ലോക്കിലെത്തുന്ന രോഗികളുടെ വിശദമായ ഡാറ്റ ശേഖരിച്ചാണ് ഗ്രീന്‍ പാസ് നല്‍കുന്നത്. അവരുടെ വാര്‍ഡ്, വീട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, എന്‍ട്രി ടൈം, വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ ഉണ്ടോ, കൊവിഡ് രോഗികള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിശദമായ ഡാറ്റാ വിശകലനത്തിന് ശേഷമാണ് ഗ്രീന്‍ പാസ് ലഭിക്കുക.

പാസ് ലഭിക്കാത്തവര്‍ക്ക് ജനറല്‍ ഒപിയോട് ചേര്‍ന്ന് തന്നെ പ്രത്യേക ഇടത്തില്‍ പരിശോധന ലഭ്യമാക്കി. ഇതെല്ലാം രോഗവ്യാപനം തടയുന്നതിന് സഹായിച്ചു. സര്‍വ്വൈലന്‍സ് സാംപിള്‍ എന്ന നിലയില്‍ കൂടുതല്‍ പേരുമായി ഇടപെടുന്ന ഹെല്‍പ്പ് ഡെസ്‌ക് ജീവനക്കാരുടെ സാംപിള്‍ പരിശോധിച്ചിരുന്നു. ഇത് രോഗം ആരോഗ്യ പ്രവര്‍ത്തകരില്‍ മുന്‍കൂട്ടി കണ്ടെത്തി സമ്പര്‍ക്ക രോഗവ്യാപനം ഒഴിവാക്കുന്നതില്‍ സഹായകമായതായി മെഡിക്കല്‍ ഓഫിസര്‍ ടി വി ബിനു പറഞ്ഞു.

എച്ച്എംസി മീറ്റിങ്ങുകളില്‍ ജീവനക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വേണ്ട ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി അവ ജീവനക്കാര്‍ക്ക് ലഭ്യമാക്കി കൊടുക്കുകയും ചെയ്തു. മാസ്‌കുകളില്‍ രോഗവ്യാപനം കുറയ്ക്കുന്ന തരമായ എന്‍ 95, ട്രിപ്പിള്‍ ലെയര്‍ എന്നിവ എം എല്‍ എ ഫണ്ട്, എന്‍ ആര്‍ എച്ച് എം ഫണ്ട് എന്നിവ വിനിയോഗിച്ച് ആവശ്യമായ രീതിയില്‍ എത്തിച്ചു.

സര്‍ക്കാര്‍ വിതരണം ചെയ്ത സാനിറ്റൈസര്‍, എന്‍ 95, ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ എന്നിവ ഫലപ്രദമായി ഉപയോഗിച്ചതും രോഗപ്പകര്‍ച്ചയെ 100 ശതമാനം തടയാന്‍ സാധിച്ചു. രോഗം സ്ഥിരീകരിച്ച ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കുടുംബത്തിനും നേരെയുണ്ടായ അപമാനശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ചിത്രം സഹിതം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണിവര്‍.

Tags:    

Similar News