ചോദ്യപേപ്പര്‍ ചോര്‍ന്നു; ഉത്തര്‍പ്രദേശ് അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി, പുതുക്കിയ തിയ്യതി ഉടന്‍

Update: 2021-11-29 09:19 GMT

ലഖ്‌നോ: യുപിയില്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷാതിയ്യതി ഉടന്‍ പ്രഖ്യാപിക്കും. അടുത്ത മാസം പരീക്ഷ നടന്നേക്കുമെന്നാണ് കരുതുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

അധ്യാപക യോഗ്യതാ പരീക്ഷ രണ്ടാമതും നടത്താനുള്ള ചെലവുകള്‍ പൂര്‍ണമായും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുതുതായി അപേക്ഷ അയയ്ക്കുകയോ പരീക്ഷാഫീസ് അടക്കുയോ ചെയ്യേണ്ടതില്ല.

സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലിസ് ചോദ്യം ചെയ്തു. അതില്‍ 13 പേര്‍ പ്രയാഗ് രാജില്‍ നിന്നുള്ളവരും നാല് പേര്‍ ലഖ്‌നോവില്‍ നിന്നുള്ളവരുമാണ്. മറ്റുള്ളവര്‍ ബീഹാര്‍ സ്വദേശികളാണ്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ അന്വേഷണത്തിനുവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഞായറാഴ്ചയാണ് പരീക്ഷ റദ്ദാക്കിയ വിവരം പുറത്തുവന്നത്. അതോടെ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ഏതാനും പരീക്ഷാ കേന്ദ്രങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി.

പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തി.

ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം ശനിയാഴ്ച വൈകീട്ടാണ് പുറത്തുവന്നത്. സാമൂഹികമാധ്യമങ്ങളിലും വാര്‍ത്ത വൈറലായി.

പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ കോപ്പി പിടിച്ചെടുക്കുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പിന്നീട് യുപി ബേസിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. 

പരീക്ഷ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയ നടപടിയും പരിശോധിക്കും.

1,754 കേന്ദ്രങ്ങളിലായി 19 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ യോഗ്യതാ പരീക്ഷ കൊവിഡ് വ്യാപനം മൂലം റദ്ദാക്കിയിരുന്നു. 

Tags:    

Similar News