ഇന്ത്യന്‍ നടനും ദക്ഷിണേന്ത്യന്‍ നടനും: പത്രഭാഷയുടെ പ്രശ്‌നങ്ങള്‍

20 ൽ അധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച രജനീകാന്ത് ദക്ഷിണേന്ത്യനും ക്രെഡിറ്റിൽ ഒരു ദക്ഷിണേന്ത്യൻ ചിത്രം പോലും ഇല്ലാത്ത അമിതാഭ് ‘മഹാ ഇന്ത്യൻ നടനും; വരുന്ന വാർത്തകളെ രാഷ്ട്രീയബോധത്തോടെ വിവർത്തനം ചെയ്യാനുള്ള ബോധം നമ്മുടെ പത്രമാപ്പീസുകളെങ്കിലും കാണിക്കണ്ടേ?

Update: 2019-11-07 11:24 GMT

ആര്‍ പി ശിവകുമാര്‍

ഇസബെല്ല ഹൂപ്പെർട്ട് അഭിനയിച്ചത് ഫ്രെഞ്ച് സിനിമകളിൽ മാത്രമല്ല. ഷബ്രോലിന്റെ എന്നപോലെ ഒലിവെർ അസ്സായന്റെയും ബെർട്ട്‌ലൂച്ചിയുടെയും ക്ലയർ ഡെന്നിസിന്റെയും ടവേണിയറുടെയും ഹോങ് സാങ് സൂവിന്റെയും ആന്ദ്രേ വൈദയുടെയും ഹനേക്കയുടെയും സിനിമകളിൽ അവരുണ്ട്. ഗോദാർദ്ദിന്റെ 3 സിനിമകളിൽ അഭിനയിച്ചു. ആകെ ഏതാണ്ട് 150 ഓളം സിനിമകൾ. നാടകത്തിലും ടെലിവിഷൻ പരിപാടികളിലും ഹ്രസ്വചിത്രങ്ങളിലും പങ്കുകൊണ്ടിട്ടുണ്ട്. അവർക്കുള്ള വിശേഷണം ഫ്രെഞ്ചു നടിയെന്നായാൽ എത്രത്തോളം ശരിയാകും? എന്നാലും ജനിച്ച സ്ഥലമോ പൗരത്വമോ വച്ച് വിശേഷണം ചാർത്തുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.

അമിതാഭ് ബച്ചൻ ഹൃഷികേഷ് മുക്കർജിയുടെയും മൃണാൾ സെന്നിന്റെയും സത്യജിത് റായിയുടെയും ഋതുപർണ്ണഘോഷിന്റെയും പ്രകാശ് ഝായുടെയും ഉൾപ്പടെ 230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഘനഗംഭീരമായ ശബ്ദം വച്ച് പല ചിത്രങ്ങളിലെയും ആഖ്യാതാവായി. കോൻ ബനേഗാ കരോട് പതിയെന്നും പറഞ്ഞ് ടിവിയിലും തിളങ്ങി. രജനീകാന്തിന്റെ രൂപമുള്ള കൊച്ചടിയാനെന്ന ആനിമേഷൻ ചിത്രത്തിന് ഹിന്ദിയിൽ ശബ്ദം നൽകിയതും സൈ രാ നരസിംഹ റെഡ്ഡിയിൽ അപ്രധാനമായ ഒരു വേഷത്തിൽ അഭിനയിച്ചതുമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ മുഖ്യസംഭാവന. (തമിഴ് വണ്ണന്റെ 'ഉയർന്തമനിതൻ' വരാൻ പോകുന്നതേയുള്ളൂ)

രജനികാന്തിന്റെ കാര്യം അങ്ങനെയല്ല; അന്ധാകാനൂൻ, ജീത്ത് ഹമാരി, ഗാംഗ്‌വാ, ജോൺ ജാനി ജനാർദ്ദൻ, മഹാഗുരു, ഗിരഫ്താർ, ബേവഫാ, ഭഗവാൻ ദാദ, ഡാകു ഹസീന, ഇൻസാഫ് കോൻ കരേഗാ, ഉത്തർ ദക്ഷിൺ, ഗൈർ കാനൂനി, ഭ്രഷ്ടാചാർ, ചൽബാസ്, ഹം, ഫരിസ്തേ, ത്യാഗി, ഇൻസാനിയത് കി ദേവത, ആതംഗ് ഹി ആതംഗ്, ബുലന്ദി, റാ വൺ എന്നിവയ്ക്കു പുറമേ ഭാഗ്യ ദേബത എന്ന ബംഗാളി പടത്തിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷയിലും കൂടി ( ബ്ലഡ് സ്റ്റോൺ എന്ന ഇംഗ്ലീഷും !) 170 ഓളം ചിത്രങ്ങൾ.

ഇത്തവണത്തെ ഗോവൻ ചലച്ചിത്രമേളയിലെ പ്രധാന അഥിതികളിൽ മൂന്നു പേരുടെ വിവരമാണ് മുകളിൽ എഴുതിയത്. ഇസബെല്ല ഹൂപ്പർട്ടിന് സംഗ്രസംഭാവനയ്ക്കുള്ള സമ്മാനമാണ്. അമിതാഭ് ബച്ചൻ മുഖ്യാതിഥി. ഉദ്ഘാടകൻ. രജനികാന്തിന് 'ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി' പുരസ്കാരമാണ്. ആകെപ്പാടെ ജഗപൊക. പത്രത്തിലെ വാർത്തയിലെ ഒരു വരിയാണ് രസകരമായി തോന്നിയത്. അമിതാഭ് ബച്ചൻ നടനാണ്. ചലച്ചിത്രോത്സവം ഇന്ത്യനായതുകൊണ്ട് ഇന്ത്യൻ നടനാണ് സംശയമില്ല. അതേസമയം രജനീകാന്ത് കേന്ദ്രവാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കറുടെ ( ഓഫീസ് കൊടുത്ത) വാർത്തയിൽ ദക്ഷിണേന്ത്യൻ നടനാണ്. എങ്കിൽ അമിതാഭിനെ ഉത്തരേന്ത്യൻ നടനായ എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? അതിനനുസരിച്ചുള്ളതാണല്ലോ അദ്ദേഹത്തിന്റെ നാട്യജീവിതം. നേരെ തിരിച്ച് 20 ൽ അധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച രജനീകാന്ത് ദക്ഷിണേന്ത്യനും ക്രെഡിറ്റിൽ ഒരു ദക്ഷിണേന്ത്യൻ ചിത്രം പോലും ഇല്ലാത്ത അമിതാഭ് 'മഹാ ഇന്ത്യൻ നടനും'. ജന്മം കൊണ്ടോ പൗരത്വം കൊണ്ടോ കിട്ടിയ വിശേഷണങ്ങളല്ലിത്. വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യയെ നോക്കുന്ന രീതിയാണിത്. മുൻപൊരിക്കൽ ഒരു ഉത്തരേന്ത്യൻ മന്ത്രിയാണ് ദക്ഷിണവാസികൾ കറുപ്പന്മാരായിട്ടും ഞങ്ങൾ അവരോട് വിവേചനമൊന്നും കാണിക്കുന്നില്ലല്ലോ എന്നു തട്ടി വിട്ടത്. അതുമാതിരി സാമാന്യബോധത്തിന്റെ ഫ്യൂസ് മൂളക്കത്തോടെ അടിച്ചു പോയ പ്രസ്താവനയാണിതും. ഈ വൈരുദ്ധ്യത്തിന്റെ നടുക്കു നിർത്താനാണ് ഇസബെല്ലാ ഹൂപ്പർട്ടിനെ രാജ്യത്തിന്റെ പേരിൽ കൂട്ടു പിടിച്ചത്.

അതുപോട്ടെ, വരുന്ന വാർത്തകളെ രാഷ്ട്രീയബോധത്തോടെ വിവർത്തനം ചെയ്യാനുള്ള ബോധം നമ്മുടെ പത്രമാപ്പീസുകളെങ്കിലും കാണിക്കണ്ടേ? എവിടെ.. ? അമിതാഭിനെ ഇന്ത്യൻ നടനായും രജനീകാന്തിനെ ദക്ഷിണേന്ത്യൻ നടനായി ചുരുക്കിയും ഉളുപ്പില്ലാതെ അടിച്ചു വച്ചിരിക്കുന്നത് മലയാളം പത്രങ്ങൾ തന്നെ.

Tags:    

Similar News