പരാതി നല്‍കിയിട്ട് തിരിഞ്ഞ് നോക്കിയില്ല; പോലിസിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലിസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം: മ്യൂസിയം പോലിസിനെതിരേ പരാതിയുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് അവഗണിച്ചെന്നാണ് ശ്രീലേഖയുടെ പരാതി. പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലിസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.
1700 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ചെറിയ തുകയാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമവിരുദ്ധമായി തട്ടിയെടുത്തതിനെതിരേയാണ് പരാതി നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ നേരിട്ടു വിളിക്കുകയും ഇമെയിലിലൂടെ പരാതി നല്‍കുകയും ചെയ്തു. പോലിസ് സേനയില്‍ ജോലി ചെയ്ത ഒരാളായിട്ടുകൂടി പോലിസ് തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ പറയുന്നു.
മുമ്പ് നാല് തവണ താന്‍ നല്‍കിയ പരാതിയിലും ഇതേ അനുഭവമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മ്യൂസിയം സ്‌റ്റേഷന്‍ പരിധിയിലെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. ഓണ്‍ലൈനില്‍ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് മുന്‍ ഡിജിപിക്ക് ദുരനുഭവം ഉണ്ടായത്.
എന്നാല്‍ ആരോപണം മ്യൂസിയം പൊലീസ് നിഷേധിച്ചു. പരാതി ഇ മെയിലില്‍ അയച്ചതായി ശ്രീലേഖ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത് വരെ ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.