റാബിയ സെയ്ഫി ക്രൂര ബലാല്‍സംഗക്കൊല: ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിനെതിരേ കുടുംബം

Update: 2021-09-04 13:04 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു പിന്നില്‍ ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്ന് കുടുംബം. ആഗസത് 26നാണ് റാബിയ സെയ്ഫി ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.

കൊലപാതകം അതിക്രൂരമായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. അവരുടെ കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. അമ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.

നിരവധി ദുരൂഹതകളുള്ള ഈ കേസില്‍ റാബിയയുടെ കൊലയാളിയാണെന്ന് അവകാശപ്പെട്ട് നിസാമുദ്ദീന്‍ എന്നയാള്‍ രംഗത്തുവന്നിട്ടുണ്ട്. റാബിയയെ താന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിസാമുദ്ദീനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പക്ഷേ, ഈ കഥ വ്യാജമാണെന്നാണ് കുടുംബം കരുതുന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകള്‍ക്കറിയാമെന്നും പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി അവിടേക്ക് വരുന്നതെന്നും റാബിയ തന്നോട് പറഞ്ഞതായി പിതാവ് സമിദ് അഹ്മദ് പറയുന്നു. ഈ വിവരത്തിന് മരണവുമായി ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം.

കേസിനെ വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഹാജരായ കൊലയാളിയെന്നാണ് കുടുംബത്തിന്റെ വാദം. നിസാമുദ്ദീനെന്നയാളുമായി മകള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനുള്ള തെളിവും പോലിസിന്റെ കയ്യിലില്ലെന്നും ആഗസ്ത് 26ന് പോലിസില്‍ കീഴടങ്ങിയെന്ന് പോലിസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന ഗുരുതരമായ സംശയവും കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ സന്‍ഗം വിഹാറിലാണ് റാബിയയുടെ കുടുംബം താമസിക്കുന്നത്. ജാമിഅ മില്ലിയ ഇസ് ലാമിയയിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ് റാബിയ. 

Tags:    

Similar News