റഫ അതിര്‍ത്തി തുറന്നു; സഹായവുമായി ട്രക്കുകള്‍ ഗസയിലേക്ക്

Update: 2023-10-21 11:18 GMT
ഗസ: ഗസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകള്‍ കടന്നു പോകാന്‍ വേണ്ടി റഫ അതിര്‍ത്തി തുറന്നു. ഈജിപ്തില്‍ നിന്ന് ഗസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിര്‍ത്തി കടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ മറ്റുള്ള ട്രക്കുകളും അതിര്‍ത്തി പിന്നിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗസയ്ക്കും ഇടയിലുള്ള റഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു.



എന്നാല്‍ 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പതിനൊന്നുദിവസമായി സമ്പൂര്‍ണ ഉപരോധം തുടരുന്ന ഗസയില്‍ മാനുഷികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ആളുകള്‍ക്ക് വേറെ മാര്‍ഗമില്ല എന്ന അവസ്ഥയിലാണ്. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിരിക്കയാണ്. വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പല ആശുപത്രികളിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍വേണ്ട ഇന്ധനമില്ല.


ഗസയിലേക്ക് മാനുഷികസഹായമെത്തിക്കാന്‍ ആദ്യഘട്ടമെന്നനിലയില്‍ 20 ട്രക്കുകള്‍ റഫ അതിര്‍ത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നെങ്കിലും അതിര്‍ത്തി തുറന്നിട്ടിരുന്നില്ല. വ്യോമാക്രമണത്തില്‍ തകര്‍ന്ന അതിര്‍ത്തിയിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ, പ്രാദേശിക സമയം പത്ത് മണിയോടെ അതിര്‍ത്തി തുറക്കുകയായിരുന്നു.





Tags:    

Similar News