'പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാല്‍ പോരേ'... പോലിസുകാരോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; വീഡിയോ പുറത്തുവിട്ട് വി ടി ബല്‍റാം
കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിനെതിരേ രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടായിരുന്നു സര്‍ക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അദ്ദേഹം രംഗത്തെത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് പോലിസ് വാഹനത്തില്‍ കയറ്റുമ്പോള്‍ മറുവശത്തെ വിന്‍ഡോയിലൂടെ ഇവര്‍ ചാടിപ്പോവുന്ന ദൃശ്യങ്ങളാണ് ബല്‍റാം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
പോലിസിന് നേരേ ഇവര്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോലിസുകാര്‍ നോക്കിനില്‍കെയാണ് ഇവര്‍ വാഹനത്തില്‍നിന്നും ഇറങ്ങിപ്പോവുന്നത്. പോലിസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കയറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നിട്ടവരിലൊരുത്തന്‍ കാക്കിയിട്ട പോഴന്‍മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍തന്നെ തരുമല്ലോ, അതില്‍പ്പെട്ടവരെ മാത്രം പിടിച്ചാല്‍പ്പോരേ എന്ന്. കാക്കിയിട്ടവന്‍മാര്‍ കേട്ടില്ല എന്ന മട്ടില്‍ എങ്ങോട്ടോ നോക്കിനില്‍ക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും ബല്‍റാം പരിഹസിക്കുന്നു.