ജെയ്പൂര്‍: നാല് സംസ്ഥാനങ്ങളിലായി ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ ബിജെപിക്ക് 8 സീറ്റ് ലഭിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസ് കൈപ്പിടിയിലാക്കി.
മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാനില്‍മാത്രം കോണ്‍ഗ്രസ് നേട്ടം കൊയ്തു.
16 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് പരാതികള്‍ ഉയര്‍ന്നതാല്‍ ഫലപ്രഖ്യാപനത്തില്‍ തടസ്സമുണ്ടായി.
രാജസ്ഥാന്‍
രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ പോരാട്ടമാണ് നടത്തിയത്. നാല് ഒഴിവുകളില്‍ മൂന്നെണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ഒരു സീറ്റ് കരസ്ഥമാക്കി. രാജസ്ഥാനില്‍ കുതിരക്കച്ചവട ആരോപണമുയര്‍ന്നിരുന്നു.
മുകുല്‍ വാസ്‌നിക്, രന്‍ദീപ് സര്‍ജെവാല, പ്രമോദ് തിവാരി എന്നിവരെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. ഘന്‍ശ്യാം തിവാരി, സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്ര എന്നിവരെ ബിജെപി രംഗത്തിറക്കി. കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചത്.
126 വോട്ടില്‍ മുഴുവനും കോണ്‍ഗ്രസ്സിന് ലഭിച്ചു. ബിജെപിക്ക് 71ഉം ആര്‍എല്‍പിക്ക് 3ഉം വോട്ടുകളുണ്ടായിരുന്നു. പക്ഷേ, അവസാനകണക്കില്‍ ബിജെപിക്ക് 74നു പകരം 73 വോട്ടാണ് ആകെ ലഭിച്ചത്. അതായത് ഒരു വോട്ട് പാര്‍ട്ടി മാറി കുത്തി.
മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ രണ്ട് സീറ്റാണ് ബിജെപിക്ക് അവകാശപ്പെട്ടതെങ്കിലും അവര്‍ മൂന്ന് സീറ്റ് കരസ്ഥമാക്കി. സ്വതന്ത്രരുടെ സഹായമുണ്ടായെന്നാണ് റിപോര്‍ട്ട്. പിയൂഷ് ഗോയല്‍, അനില്‍ ബോണ്ടെ, ധനജ്ഞയ് മഹാദിക് എന്നിവരാണ് വിജയിച്ചത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ഓരോരുത്തരെ രാജ്യസഭയിലെത്തിച്ചു.
285 വോട്ടുകള്‍ പോള്‍ ചെയ്തു. 41 വോട്ട് വേണം ഒരാള്‍ക്ക് വിജയിക്കാന്‍. ശിവസേനയുടെ സഞ്ജയ് റാവത്ത്, എന്‍സിപിയുടെ പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ്സിന്റെ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നിവര്‍ വിജയിച്ചു. ആറാമത്തെ സീറ്റില്‍ ബിജെപി ധനഞ്ജയ് മഹാദിക്കിനെ ഇറക്കി. സഞ്ജയ് പവാറായിരുന്നു ശിവസേന സ്ഥാനാര്‍ത്ഥി. മഹാദിക് വിജയിച്ചു.
ഹരിയാന
ഹരിയാനയില്‍ രണ്ട് സീറ്റാണ് ആകെ ഉള്ളത്. അതില്‍ ഒന്ന് ബിജെപി കരസ്ഥമാക്കി. ബിജെപിയുടെ കൃഷ്ണന്‍ ലാല്‍ പന്‍വര്‍ 31 വോട്ടോടെ രാജ്യസഭയിലെത്തി. അജയ് മകാനും ബിജെപിയുടെ കാര്‍ത്തികേയ ശര്‍മയും തമ്മില്‍ വലിയ പോരാട്ടം നടന്നു. മകാന്‍ പരാജയപ്പെട്ടു. ബിജെപി പിന്താങ്ങിയ കാര്‍ത്തികേയ ശര്‍മ വിജയിച്ചു.
കര്‍ണാടക
തങ്ങളുടെ ശക്തികേന്ദ്രമെന്ന് കരുതുന്ന ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ കര്‍ണാടകയില്‍ ഒരു രാജ്യസഭാ സീറ്റില്‍ പോലും വിജയിച്ചില്ല. ബിജെപി മൂന്ന് സീറ്റ് കരസ്ഥമാക്കി. കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചു. നിര്‍മലാ സീതാരാമന്‍, ജഗ്ഗേഷ്, ലെഹര്‍ സിങ് സിരോയ എന്നിവാരാണ് ബിജെപിയില്‍നിന്ന് വിജയിച്ചത്. ജെയ്‌റാം രമേശാണ് ഈ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍നിന്ന് രാജ്യസഭിലേക്കെത്തിയ ഏക നേതാവ്. തങ്ങളടെ പാര്‍ട്ടി മൂന്ന് സീറ്റില്‍ വിജയിച്ചതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി സ്ഥിരീകരിച്ചു. സീതാരാമന്‍, സിരോയ, രമേശ് എന്നിവര്‍ക്ക് 46 വോട്ട് ലഭിച്ചു. ജഗ്ഗേഷിന് 44 വോട്ടും ലഭിച്ചു.
രണ്ട് സീറ്റില്‍ ജയിച്ചിരുന്നുവെന്നും ഒരു സീറ്റ് ബോണസാണെന്നും ബിജെപി നേതാവ് രവി പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ പലരും പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നവരാണെന്നും അവരുടെ സഹായമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാന്‍ സാധിക്കുമായിരുന്നു. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. അത് വിജയിച്ചു.