രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ
ബംഗളൂരു: ബെംഗളൂരു വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലം കേസ് അന്വേഷണം കഴിഞ്ഞ ദിവസം എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രമടക്കം പുറത്തുവിട്ട് പരാതിതോഷികം പ്രഖ്യാപിച്ചത്. സൂചന നല്‍കുന്ന ആളിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.
അക്രമി കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമിയുടെ മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലാണ്. മാര്‍ച്ച് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു. വാഹനങ്ങള്‍ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാള്‍ നടന്നു വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. വളരെ തിടുക്കപ്പെട്ട് നടക്കുന്ന ഇയാള്‍ ഇടയ്ക്ക് കൈയില്‍ വാച്ച് നോക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാമേശ്വരം കഫേ സിഇഒ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടു.